Saturday, 22 March 2014

എന്‍റെ ദൈവമേ ഇനി നിങ്ങള്‍ മാത്രം രക്ഷ! ഇങ്ങളുടെ കോട്ടെഷന്‍ ചാര്‍ജ് എത്രയാ?!

          നാള്‍ ഇത് വരെ ഞാന്‍ ഒരു നിരീശ്വരവാദിയായിരുന്നു.എന്നാല്‍ സമീപകാലങ്ങളിലായി ഞാന്‍ എഴുതി വന്ന ചില ലേഖനങ്ങള്‍ എന്നെയും മിക്കാവാറും ദൈവഭക്തനാക്കും.മറ്റൊന്നുമല്ല എന്തോരം തെറിവിളികളാണ് എനിക്കു അതു വഴി വന്നു കൊണ്ടിരിക്കുന്നത്.എനിക്കു മാത്രമല്ല അതു പ്രസിദ്ധീകരിക്കുന്ന പാവം ഭൂലോകത്തിനും കിട്ടിയിട്ടുണ്ട് ധാരാളം പുലഭ്യങ്ങള്‍.എന്തു ചെയ്യാം തെറിവിളികളും,ഭീഷണികളുമൊക്കെയുണ്ടെന്നു കരുതി എഴുതാതിരിക്കാനാവില്ലല്ലോ.എങ്കിലും വധഭീഷണികള്‍ വരെ വരുന്ന സ്ഥിതിയ്ക്കു അല്‍പ്പം കരുതിയിരിക്കുന്നതല്ലേ നല്ലത്.എങ്ങാനും ഏതേലും തലതെറിച്ചവാനു ഹാലിളകി എന്നെയങ്ങു തീരത്തെങ്ങാനും കളഞ്ഞാല്‍, പാവം എന്‍റെ ഭാര്യയ്ക്കും പുള്ളേരുക്കും മാത്രമല്ലേ നഷ്ടമുണ്ടാവു.

         അതു കൊണ്ടു ഞാനൊന്നു തീരുമാനിച്ചു.എനിക്കു ആരുടെയെങ്കിലും സംരക്ഷണം വേണം.അതിനു വേണ്ടി ഒരു ദിവസം നല്ലോണം ഡീസെന്‍റ് ആയി ഒരുങ്ങി പിടിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി നല്ല ഗമയില്‍ ഒരു പത്തു പോലീസുക്കാരുടെ പ്രോട്ടെഷന്‍ കിട്ടുമോ എന്നു ചോദിച്ചു.ചോദ്യം കേട്ടപാടെ അവിടെയിരിക്കുന്ന ഏമാന്‍മാരൊക്കെ എന്നെ അടിമുടിയൊരു നോട്ടം.അവരുടെ നോട്ടത്തില്‍ എന്തോ പന്തികേടു തോന്നിയ ഞാന്‍ മനസ്സില്‍ ആദ്യമായി ഈശ്വരനാമം ഉരുവിട്ടു.'ദൈവമേ പണി പാളിയോ' എന്നായിരുന്നു അപ്പോള്‍ എന്‍റെ മനസ്സിലൂടെ ഓടിയ ഡയലോഗ്.പിന്നീട് ഉണ്ടായ കാര്യങ്ങള്‍ വടക്കുനോക്കിയന്ത്രം പടത്തിലെ പോലീസ് സ്റ്റേഷന്‍ സീനിന്‍റെ തനി പകര്‍പ്പായിരുന്നു.ആകെ മൊത്തം പരിഹാസ അട്ടഹാസങ്ങള്‍.ഇതിനെക്കാള്‍ ഭേദം രണ്ടു തല്ലു കിട്ടുന്നതായിരുന്നു എന്നു തോന്നിപോകുംവിധമായിരുന്നു അതു.ആകെ മൊത്തം ശശിയായ ഞാന്‍ തല കുനിച്ചു സ്റ്റേഷനില്‍ നിന്നു പുറത്തെക്കിറങ്ങി.ശ്ശൊ ജനങ്ങങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ഏമാന്‍മാര്‍ തന്നെ ഇതുപോലെ തുടങ്ങിയാല്‍ നമ്മളെ പോലത്തെ പാവങ്ങളെന്തു ചെയ്യും?നാടിനു ഒരു ഗുണവുമില്ലാത്ത രാഷ്ട്രീയക്കാരെ സംരക്ഷിക്കാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ലല്ലോ.ഇനിയിപ്പം എന്താണൊരു പോംവഴി?

       ഇങ്ങനെ ആലോചിച്ചു വീട്ടിലെത്തിയപ്പോഴായിരുന്നു അവിടെയെന്‍റെ അഞ്ചു വയസുക്കാരന്‍ തല തെറിച്ച മകന്‍റെ പൊട്ടിചിരി കേട്ടത്.അകത്തു കയറി നോക്കിയപ്പോള്‍ ചെക്കന്‍ ഏതോ ഒരു പടം കണ്ടു ചിരിച്ചതാണെന്നു മനസ്സിലായി.അച്ഛന് പ്രാണ വേദന മകനു സിനിമ കാണല്‍.എന്തായാലും ആരെങ്കിലും തല്ലികൊല്ലുമെന്നുറപ്പായി.എന്നാല്‍ പിന്നെ കുറച്ചു ചിരിച്ചിട്ടോക്കെ ചത്തേയ്ക്കാമെന്നു കരുതി ചെക്കന്‍റെ കൂടെ പടം കാണാനിരുന്നു.പടത്തിന്‍റെ പേരു ബോഡി ഗാര്‍ഡ്‌.കൊള്ളാലോ സന്ദര്‍ഭത്തിനു യോജിച്ച പടമെന്നു മനസ്സില്‍ വിചാരിച്ചു ആകാംഷയോടെ പടം കാണാനിരുന്നു.പടം മൊത്തം കണ്ടു കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടി.അതെ സംരക്ഷണത്തിനായി പടത്തിലുള്ളമാതിരി ഗുണ്ടകള്‍ക്കു കോട്ടേഷന്‍ കൊടുക്കുക തന്നെ.സംവിധായകന്‍ സിദ്ധിക്കിനു നന്ദി.എന്തൊരു കാഞ്ഞ ബുദ്ധിയാണ് പഹയന്.

     പക്ഷെ അവിടെയുമൊരു പ്രശ്നമുണ്ടാല്ലോ.ഈ കോട്ടേഷന്‍ തലതെറിച്ചവന്‍മാരെ എങ്ങനെയൊന്നു മുട്ടും.സിനിമയിലൊക്കെ കണ്ട കോട്ടേഷന്‍ക്കാരോക്കെ യാതൊരു വകതിരിവുമില്ലാത്ത അലവലാതികളാണെല്ലോ.അതു പോലത്തവന്‍മാരൊക്കെയാണെങ്കില്‍ നേരിട്ടു കാണുമ്പോഴെന്‍റെ പാന്‍റ് നനയും.എന്തായാലും നനയും എന്നാല്‍ പിന്നെ കുളിച്ചങ്ങു കേറിയേക്കാമെന്നു മനസ്സിലുറാപ്പിച്ചു ഞാന്‍ എന്‍റെ ഒരു മാധ്യമ സുഹൃത്തിനോടു കാര്യങ്ങളങ്ങു പറഞ്ഞു.എന്നിട്ട് എങ്ങനെയെങ്കിലും നല്ലൊരു കോട്ടേഷന്‍ ബോഡിഗാര്‍ഡിനെ എനിക്കായി മുട്ടിച്ചു തരണമെന്നപെക്ഷിച്ചു.മാധ്യമ പ്രവര്‍ത്തകാനായതിനാല്‍ സമൂഹത്തിലെ എല്ലാ അലവലാതികളുമായി അവനു ബന്ധമുണ്ടാവുമെന്നു എനിക്കുറപ്പയിരുന്നു.പക്ഷെ കാര്യങ്ങളൊക്കെ കേട്ടപ്പോഴേക്കും പോലീസ് സ്റ്റേഷനില്‍ വെച്ചു ഏമാന്‍മാരുടെ പൊട്ടിച്ചിരിയുടെ പതിന്‍മടങ്ങോടെയുള്ള അവന്‍റെ അവിഞ്ഞ ചിരിയാണ് കാണേണ്ടി വന്നതു എന്നിട്ടു കുറച്ചു ചീഞ്ഞ ഡയാലോഗുകളും.

"എന്‍റെ പഹയാ ഇതാണ് ഞാന്‍ പണ്ടു മുതലേ പറയുന്നത് നിങ്ങള്‍ യുക്തിവാദികള്‍ മരമണ്ടന്‍മാരാണെന്നു.എടാ നീ എന്തിനാടാ കള്ളും,കഞ്ചാവുമടിച്ചു നടക്കുന്ന പീറ ഗുണ്ടകളെ ഇത്രയും പൈസയും മുടക്കി ബോഡി ഗാര്‍ഡായി വെക്കുന്നത്?എടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍കാരനാരാണെനാണ് നിനക്കിനിയുമറിയില്ലേ?എടാ എല്ലാ മതങ്ങളിലെയും ദൈവമാടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍ നേതാക്കള്‍."

"എന്തു ദൈവമോ!!!നമ്മള്‍ പണ്ടു പള്ളികൂടത്തിലൊക്കെ പഠിച്ച ദൈവം കരുണാമയനും,ആശരണര്‍ക്ക് അഭയം നല്‍കുന്നവനോക്കെയായിരുന്നല്ലോ.ഇതെപോഴാണു അങ്ങേരു കോട്ടേഷനില്‍ ചേര്‍ന്നത്‌?!"

"ങാ തൊലി.......പള്ളികൂടത്തിലങ്ങനെ എന്തൊക്കെ മണ്ടത്തരങ്ങള്‍ പഠിപ്പിക്കുന്നു.എല്ലാ മതസ്ഥരും ഒരുമയോടെ കഴിയുംവിധത്തിലുള്ള മനോഹരമായ സംവിദാനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളതുയെന്നുമൊക്കെ നമ്മള്‍ പള്ളികൂടങ്ങളില്‍ പഠിച്ചിട്ടില്ലേ?എന്നിട്ടതോകെ സത്യമാണോ?എടാ പള്ളികൂടത്തില്‍ അങ്ങനെ പല വിവരകേടുകളും പഠിപ്പിക്കും.ബുദ്ധിയുറയ്ക്കാത്ത പിള്ളേരോട് എന്തു പറഞ്ഞാലും അവര്‍ തിരിച്ചൊന്നും പറയുകയില്ലല്ലോ.എന്നു വെച്ചു ബുദ്ധിയുറച്ച നമ്മളെപോലുള്ളവരൊക്കെ ഇപ്പോഴും അതൊക്കെ ഓര്‍ത്തിരിക്കാമോ.അല്ലെങ്കിലും പള്ളികൂടങ്ങളിലെ കൊച്ചു കിടാങ്ങലോടാണോ ഇമ്മാതിരി കോട്ടേഷന്‍ കാര്യങ്ങളൊക്കെ പറയുന്നത്.അതൊക്കെ വലുതാവുകുമ്പോഴേക്കും തനിയെ പഠിച്ചോളുമെന്നു ആ പുസ്തകങ്ങലോക്കെ ഉണ്ടാക്കിയവന്മാര്‍ക്കു നല്ലവണ്ണമറിയം.ശരിക്കുമുള്ള ദൈവത്തെ നിനക്കറിയണമെങ്കില്‍ നീ എല്ലാ മതങ്ങളിലേയും മത പ്രഭാഷണങ്ങള്‍ കേള്‍ക്കണം.തന്നെ അപമാനിക്കുന്ന ആളുകളെ നിഷ്ടൂരമായി പക വെച്ചു തകര്‍ക്കുന്ന ദൈവത്തെ നിനക്കവര്‍ പരിചയപെടുത്തി തരുന്നതായിരിക്കും.അതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നു തന്നെ അവര്‍ കാട്ടി തരികയും ചെയ്യും.സത്യം പറയാല്ലോ എന്‍റെ പൊന്നെ,എത്രയെത്ര അവിശ്വസികളാണെന്നറിയോ ദൈവത്തിന്‍റെ നിഷ്ടൂരമായ പ്രതികാരത്താല്‍ ജീവിതം നശിച്ചുപോയത്.ചിലരെയൊക്കെ തട്ടി കളഞ്ഞിട്ടുപോലുമുണ്ട്.നീയൊക്കെ ഇങ്ങാനെ നിരീശ്വരവാദിയായി നടന്നോ.നിനക്കൊക്കെ എപ്പോ പണി കിട്ടിയാല്‍ മതിയെന്നു ചോദിച്ചാല്‍ മതി.ങാ പോട്ടെ ഇപ്പോഴും വൈകീട്ടില്ല വേഗം പോയി ഏതേലുമൊരു മതത്തിലെ ദൈവത്തെ പോയി പിടിച്ചോളു.പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ.നീ ജനിച്ച മതത്തിലെ ദൈവത്തിനെ തന്നെ പിടിക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലെങ്കില്‍ ചിലപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടും.നീ ഫേസ്ബുക്കിലൊക്കെ കാണാറില്ലേ അന്യമതത്തിലെ പുരുഷന്‍റെ കൂടെ ഒളിച്ചോടിയ പെണ്ണിന്‍റെ ശവം കിണറ്റിന്നു പൊക്കി എടുക്കുന്ന ഫോട്ടോയൊക്കെ.അതൊക്കെ പുള്ളിക്കാരന്‍ പണി കൊടുക്കുന്നതാണെടാ.പുള്ളിയുടെ സെറ്റപ്പ് നമ്മുടെ അധോലോക രാജാക്കന്‍മാരുടെ അതെ വിധത്തിലാണ്.ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അതില്‍ നിന്നും മാറരുത്.മാറിയാല്‍ പൊന്നുമോനെ എപ്പോള്‍ പണികിട്ടിയെന്നു പറയേണ്ടതില്ലല്ലോ."

         അവന്‍ പറഞ്ഞതൊക്കെ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്ന എന്‍റെ വായിലേക്ക് ഒരു ആയിരം ഈച്ചയെങ്കിലും കടന്നുപോയിട്ടുണ്ടാവണം.അപ്പോള്‍ ഇതൊക്കെയാണല്ലേ ദൈവം.വെറുതെയല്ല എനിക്കിങ്ങനെ ഇടയ്ക്കിയിടയ്ക്കെ പണി കിട്ടുന്നത്.കോട്ടേഷന്‍കാരോടോക്കെ മുട്ടാന്‍ മാത്രമുള്ള പാങ്ങോന്നും എനിക്കില്ലേയെന്‍റെ പോന്നു ദൈവമേ.ഞാന്‍ ഇനിയെന്നും അങ്ങയുടെ ആരാധകനായി,അടിമയായി കഴിഞ്ഞുകൊള്ളാമെ.ഇത്രനാള്‍ നിരീശ്വരവാദം പറഞ്ഞു നടന്നതിനു എന്നോടു ക്ഷമിക്കണമേ.ആട്ടെ എത്രയാണ് അങ്ങയുടെ കോട്ടേഷന്‍ ചാര്‍ജ്?!

No comments:

Post a Comment